“ശുദ്ധ വായു, ശുദ്ധ വെള്ളം, ശുദ്ധ ഭക്ഷണം ഇവ ഏറ്റവും അനിവാര്യമായ സമയത്താണ് ഞാൻ ക്യാമ്പിൽ എത്തിയത്. നല്ല മഴക്കാലം. എന്റെ അനുജത്തിയും ഏഴുമാസം ഗർഭിണി ആയിരുന്ന ഞാനും ഒന്നര വയസ്സായ എന്റെ മൂത്തമകളും ചേർന്നാണ് ക്യാമ്പിലേക്ക് വന്നത്. വൈകുന്നേരം ആയി എത്തിയപ്പോഴേക്കും. എന്റെ ഗർഭകാലത്ത് ഞാൻ നടത്തിയ ഏറ്റവും സുന്ദരമായ യാത്ര ആണിത്. എന്റെ രണ്ടു കുഞ്ഞുങ്ങൾക്കു അവരുടെ ജീവിതത്തിന്റെ ആദ്യകാലത്തു തന്നെ എനിക്ക് നല്കാൻ കഴിഞ്ഞ ഏറ്റവും നല്ല സമയങ്ങളിൽ ഒന്നും.ഒരു ഒന്നരവയസ്സുകാരി വേവിക്കാത്ത ഭക്ഷണം എന്നും ആസ്വദിച്ചു കഴിക്കുന്നത് എനിക്ക് വല്ലാത്ത ആത്മവിശ്വാസം തന്നു. ജീവിത ശൈലി എങ്ങനെ ചിട്ടപ്പെടുത്താം എന്നും, കുട്ടികളുടെ ഭക്ഷണ രീതി എങ്ങനെ ക്രമപ്പെടുത്താം എന്നും ഇവിടെ നിന്നും ഞാൻ മനസിലാക്കി.അന്ധമായ പ്രകൃതി ചികിത്സ വാദങ്ങളോ ആത്മീയതയിൽ ഊന്നി ശരീരത്തെ വിശുദ്ധിയിൽ എത്തിച്ചു നടത്തുന്ന പ്രഭാഷണങ്ങളോ അല്ല ക്യാമ്പിൽ സംഭവിക്കുന്നത്. കൃത്യമായ വായനയിലൂടെയും ശാസ്ത്രീയമായ ഗവേഷണങ്ങളെ അവലോകനം ചെയ്തും, ആരോഗ്യശാസ്ത്ര മേഖലയിലെ ക്ലാസിക്കൽ ടെക്സ്റ്റ് ബുക്കുകളിൽ നിന്നുള്ള വിവരങ്ങളുടെയും evidence based practices ഇൽ നിന്നുള്ള വിവരങ്ങളുടെയും പിൻബലത്തോടു കൂടിയാണ് ക്യാമ്പിൽ ഓരോ അറിവും പങ്കുവെക്കപ്പെട്ടത്. അവിടെ അവതരിപ്പിച്ച അറിവുകളെ സമർത്ഥിച്ചെടുക്കാൻ വാക്ക് ചാതുരികൊണ്ടുള്ള ഗിമ്മിക്കുകളോ വൈകാരികമായ ഇടപെടലുകളോ ഉണ്ടായില്ല. അവിടെ പറഞ്ഞതൊക്കെ അതെ പടി വിഴുങ്ങാൻ ഈ ക്ലാസുകൾ നമ്മെ പ്രേരിപ്പിക്കില്ല മറിച് ശാസ്ത്രീയമായ അടിത്തറയോടുകൂടിയ അറിവുകൾ പങ്കുവെക്കുന്ന രീതിയും ആരോഗ്യകരമായ സംവാദങ്ങളും നമുക്കകത്തുള്ള ശാസ്ത്രാന്വേഷിയെ കൂടുതൽ അന്വേഷിക്കാനും , കണ്ടെത്താനും അറിയാനും, പഠിക്കാനും പ്രചോദിപ്പിക്കുന്നവയാണ്. കുഞ്ഞുങ്ങളുടെ രോഗാവസ്ഥ ഇന്ന് എന്നെ ഭയപ്പെടുത്താറില്ല . കരുതലോടെ ആ രോഗാവസ്ഥയെ അഭിമുഖീകരിക്കാനും അവരുടെ ശരീരത്തിന് ആ രോഗാവസ്ഥയെ അതി ജീവിക്കാനുള്ള അനുകൂല സാഹചര്യങ്ങൾ ഉണ്ടാക്കിയെടുക്കാനുള്ള അറിവും ശ്രദ്ധയും ആത്മവിശ്വാസവും എനിക്ക് ആർജിക്കാൻ കഴിഞ്ഞതു, ശരീരത്തിന്റെയും ആരോഗ്യത്തിൻറെയും ശാസ്ത്രീയമായ അടിസ്ഥാന തത്വങ്ങൾ ക്യാമ്പിലെ ക്ലാസുകളിലൂടെ യും സംവാദങ്ങളിലൂടെയും മനസിലാക്കാൻ കഴിഞ്ഞതോടു കൂടിയാണ്. ഞങ്ങൾക്ക് ശേഷം എന്റെ ജീവിത പങ്കാളിയും ക്യാമ്പിൽ പങ്കെടുത്തിരുന്നു. ഇന്ന് ഞങ്ങൾ രോഗാവസ്ഥയെ ഭയക്കുന്നില്ല. ഒന്ന് രോഗം വരാതെ ശ്രദ്ധിക്കാൻ ഞങ്ങൾ പഠിച്ചു . രണ്ട് , ഇനി രോ ഗം വരുമ്പോ രോഗം വരാൻ ഇടയാക്കിയ ജീവിതരീതി മാറ്റങ്ങൾ കണ്ടെത്താനും ഭയപ്പെടാതെ വിവേക പൂർവം രോഗാവസ്ഥയെ സമീപിക്കാനും കൈകാര്യം ചെയ്യാനും അത്യാവശ്യമെങ്കിൽ സഹായങ്ങൾ സ്വീകരിക്കേണ്ടത് എങ്ങനെ എന്നും ഉള്ള പഠനത്തിൻറെ ആദ്യാനുഭവങ്ങൾ ഈ ക്യാമ്പിലൂടെ ഞങ്ങൾ അറിഞ്ഞു. സ്വന്തം ആരോഗ്യത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യത്തെ കുറിച്ച് ശാസ്ത്രീയമായി പഠിക്കാനുള്ള മാനസികാവസ്ഥയും ഉണ്ടായാൽ തന്നെ ആരോഗ്യസ്വാശ്രയത്വ ത്തിലേക്കുള്ള ആദ്യ പടി ആയി. എന്ത് തന്നെ നേടിയാലും ആരോഗ്യ സ്വാശ്രയത്വം നേടിയെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ മറ്റു നേട്ടങ്ങൾ കൊണ്ടൊന്നും ഒരു കാര്യവുമില്ല എന്നാണ് എന്റെ വിശ്വാസം. വിശ്വാസത്തെ പ്രവർത്തിയിലേക്ക് എത്തിക്കാൻ അനിവാര്യമായിരുന്ന അറിവുകളും റിസോഴ്സുകളും എനിക്ക് ഈ ക്യാമ്പിൽ നിന്ന് ലഭിച്ചു. ഒരു കാര്യം കൂടിയുണ്ട്…. സാമ്പത്തീകമായി വല്ലാതെ ഞെരുക്കത്തിൽ ആയിരുന്ന കാലത്താണ് ഞങ്ങൾ ക്യാമ്പിൽ പങ്കെടുത്തത്. മുഴുവൻ പണം നല്കാൻ കഴിയില്ല എന്ന കാരണം കൊണ്ട് പങ്കാളിത്തത്തിനുള്ള അവസരം സംഘടകർ ഞങ്ങൾക്ക് നിരസിച്ചിട്ടില്ല. ഇതിന്റെ പേരിൽ ഒരു അപകർഷതയും ക്യാമ്പിൽ ഞങ്ങൾക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല. പണം അല്ല പ്രധാനം, ക്യാമ്പ്ആ നടന്നു പോകേണ്ട അടിസ്ഥാന ആവശ്യങ്ങൾക്കല്ലാതെ ആ ർക്കെങ്കിലും പണം ഉണ്ടാക്കാനുള്ള വഴിയുമല്ല ഈ ക്യാമ്പ് . ക്യാമ്പിന്റെ ആശയവും രാഷ്ട്രീയവും ആണ് അവർ എല്ലാവരിലേക്കും എത്തിക്കാൻ ശ്രമിക്കുന്നത്. ഇവിടെ ആരോഗ്യത്തിലൂടെ എങ്ങനെ politically correct ആയ ഒരു സമൂഹത്തെ കെട്ടിപ്പടുക്കാം എന്ന് കൂടി ചർച്ച ചെയ്യപ്പെടുന്നു. രോഗത്തെ കുറിച്ച് മാത്രം വ്യാകുലപ്പെടുന്നതിനു പകരം ആരോഗ്യത്തെ കുറിച്ച് എന്തുകൊണ്ട് സംസാരിക്കേണ്ടതുണ്ട് എന്ന് ചർച്ചചെയ്യപ്പെടുന്നു . എന്റെ ബുദ്ധിക്കും ആരോഗ്യത്തിനും ഞാൻ സമ്മാനിച്ച ഒരു നല്ല treat ആയി ഈ ക്യാമ്പ് അനുഭവത്തെ കാണാൻ ഞാൻ ആഗ്രഹിക്കുന്നു.”